Monday, June 1, 2009

തേജ എന്ന പെണ്‍കുട്ടി

ജൂണ്‍ മാസത്തിന്റെ വരവറിയിച്ചുകൊണ്ട്‌ പുറത്ത്‌ മഴ പെയ്തു തുടങ്ങി.പണ്ടൊക്കെ ജുണിനു വേണ്ടി കാത്തിരിക്കാറുണ്ടായിരുന്നു സ്കൂള്‍ തുറക്കാന്‍.ഇപ്പോള്‍ ജൂണ്‍ എത്തി എന്നറിയുന്നതു തന്നെ പുറത്ത്‌ നിര്‍ത്താതെ പെയ്യുന്ന മഴ കാണുമ്പോഴാണ്‌.ഫ്ളാറ്റിന്റെ വാതിലടച്ച്‌ ഞാന്‍ ബാല്‍ക്കണിയിലേക്ക്‌ വന്നു.രാത്രി എറെ വൈകിയിട്ടില്ല, പക്ഷെ അടുത്ത ഫ്ളാറ്റുകളുടെ വാതിലുകളെല്ലാം അടഞ്ഞു കിടക്കുന്നു.ഇവിടെ എനിക്ക്‌ കണാന്‍ കിട്ടുക ഒരു കഷണം മഴയാണ്‌.പണ്ട്‌ തേജ പറയാറുണ്ടായിരുന്നത്‌ പോലെ കാലം ചെല്ലും തോറും നമുക്ക്‌ ഇങ്ങനെ ഒരോന്ന്‌ നഷ്ടപ്പെട്ടുകൊണ്ടേയിരിക്കും.

ജൂണിലെ ഈ പതിഞ്ഞ ചാറ്റല്‍ മഴ കാണുമ്പൊള്‍ അറിയാതെ ഓര്‍ത്ത്പോകുന്ന മുഖമാണ്‌ തേജയുടേത്‌.മുഴുവന്‍ പേര്‌ തേജസ്വിനി സിന്‍ഹ. പത്ത്‌ വര്‍ഷം മുന്‍പത്തെ ബാംഗ്ളൂര്‍ജീവിതം.ജൂണ്‍ മാസത്തിലെ മഴ മണക്കുന്ന ആദ്യ ദിനങ്ങളില്‍ ഒന്നില്‍തിരക്കിട്ട്‌ ഓഫീസിലേക്ക്‌ പൊകാന്‍ ലിഫ്റ്റ്‌ കാത്തു നില്‍ക്കവെ എന്റെ മുന്നിലേക്ക്‌ ഓടിക്കിതച്ചെത്തിയതായിരുന്നു അവള്‍.വേഷം മാറില്‍ എനിക്ക്‌ മനസ്സിലാവാത്ത എന്തോ തോന്ന്യാസം എഴുതിയ ടിഷര്‍ട്ടും ജീന്‍സും.ലിഫ്റ്റില്‍ ഒരു സുന്ദരിയെ ഒറ്റയ്ക്ക്‌ കിട്ടിയിട്ട്‌ നോക്കാതിരിക്കുന്നത്‌ ആ പെണ്‍കുട്ടിയുടെ ആത്മവിശ്വാസത്തെ ബാധിക്കും എന്നു കരുതി ഞാന്‍ വിശദമായിത്തന്നെ നോക്കി.ഇങ്ങോട്ട്‌ ഒരു നോട്ടം കിട്ടിയാല്‍ വളരെ കാഷ്വല്‍ ആയിട്ട്‌ ഒരു ഹായ്‌ പറയാമെന്നും തുടര്‍ന്ന്‌ അതിനനുസരിച്ച്‌ കരുക്കള്‍ നീക്കാമെന്നുമുള്ള എന്റെ കണക്കുകൂട്ടല്‍ അറിഞ്ഞിട്ടാണെന്നു തോന്നുന്നു , അവള്‍ എന്നെ മൈന്റ്‍ ചെയ്തില്ല(ജീന്‍സിടാത്ത,മുടി മുഴുവന്‍ വെളിച്ചെണ്ണ വാരിത്തേച്ച്‌ ഒരു ബ്രാന്‍ഡഡ്‌ ഷര്‍ട്ട്‌ പോലുമിടാത്ത എന്നെ ഏത്‌ പെണ്ണ്‌ നോക്കാന്‍ എന്ന്‌ എന്റെ ഭാര്യ ഈയിടെ നടത്തിയ പ്രസ്താവന ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്‌.)

ഞാന്‍ ഇറങ്ങിയ ഫ്ളോറില്‍ തന്നെ അവളും ഇറങ്ങിയപ്പോള്‍ മാത്രമാണ്‌ എന്റെ ഓഫിസിലേക്ക്‌ പുതിയതായി വന്നതാണെന്ന്‌ മനസ്സിലായത്‌.രോഗി ഇച്ഛിച്ച പാല്‍ വൈദ്യന്‍ കല്‍പ്പിക്കുക മാത്രമല്ല മുന്നില്‍ കൊണ്ടുവന്നു തരികകൂടി ചെയ്തപോലെ തോന്നി അവള്‍ എനിക്ക്‌ അഭിമുഖമായിട്ടുള്ള ക്യുബിക്കിളില്‍ ഇരുന്നപ്പൊള്‍.ആദ്യത്തെ ഒന്നു രണ്ടു ദിവസം എയര്‍ പിടിച്ചിരുന്നതിനു ശേഷം അവള്‍ എന്നോട്‌ ചിരിക്കാനൊക്കെ തുടങ്ങി.കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ ബാംഗ്ളൂരില്‍ ജനിച്ചു വളര്‍ന്ന ജാഡയുള്ള ഒരു മെട്രൊ പ്രൊഡക്റ്റ്‌ എന്ന എന്റെ കണക്കുകൂട്ടലുകള്‍ അവള്‍ ഒരാഴ്ച്ച കൊണ്ട്‌ തച്ച്‌ തകര്‍ത്ത്‌ തരിപ്പണമാക്കിക്കളഞ്ഞു. കര്‍ണ്ണാടകയിലെ ഗുല്‍ബര്‍ഗയില്‍ സ്ഥിരതാമസമാക്കിയ ഒരു രാജസ്ഥാനി കുടുംബം ആണ്‌ അവളുടേത്‌.ബാംഗ്ളൂരില്‍ വന്നിട്ട്‌ മൂന്നു വര്‍ഷം ആകുന്നു.വീട്ടില്‍ അച്ഛന്‍ അമ്മ, അവള്‍ക്കു താഴെ മൂന്ന്‌ അനിയത്തിമാര്‍.ഹിന്ദിയാണ്‌ അവളുടെ മാതൃഭാഷയെങ്കിലും കന്നടയും ഇംഗ്ളീഷും നന്നായി സംസാരിക്കും.

ബാംഗ്ളൂരില്‍ എനിക്ക്‌ കിട്ടിയ നല്ലൊരു സുഹൃത്ത്‌ ആയിരുന്നു തേജ.എന്നേക്കാള്‍ മൂന്നു വയ്സസ്‌ കൂടുതലുണ്ട്‌ എന്ന പരിഗണന ഞാന്‍ എപ്പൊഴും കൊടുത്തതു കൊണ്ടെനിക്ക്‌ പല ഉപദേശങ്ങളും ഫ്രീയായി കിട്ടിയിരുന്നു.അതിലൊന്നായിരുന്നു ഓഫീസ്‌ വിട്ടു കഴിഞ്ഞാല്‍ പബ്ബിലും ബാറിലും പാര്‍ട്ടിക്കും പോയി വെള്ളമടിക്കാതെ,ബ്രിഗേഡ്‌ റോഡില്‍ പോയി വായ നോക്കാതെ നേരെ റൂമിലേക്ക്‌ പോവണം എന്നുള്ളത്‌.ബാംഗ്ളൂരില്‍ ജീവിക്കുന്ന ഒരു ബാച്ചിലറിന്‌ ലേശം ദഹിക്കാന്‍ പ്രയാസമുള്ള ഉപദേശമാണെങ്കിലും എനിക്ക്‌ ഈ വക ദുശ്ശീലങ്ങള്‍ ഒന്നും ഇല്ലാത്തതു കാരണം(സത്യമായിട്ടും) അവളുടെ മുന്നില്‍ ഒരു 'നല്ല കുട്ടി' ഇമേജ്‌ ആയിരുന്നു.

സൂര്യനു താഴെയുള്ള എല്ലാത്തിനെക്കുറിച്ചും ഞങ്ങള്‍ സംസാരിക്കുമായിരുന്നെങ്കിലും അവളുടെ കല്യാണത്തിനെപ്പറ്റിയോ മറ്റൊ എന്തെങ്കിലും ചോദിച്ചാല്‍ ഒരു ചിരിയായിരിക്കും മറുപടി.കുറേ തവണ ഒഴിഞ്ഞു മാറിയെങ്കിലും ഒരിക്കല്‍ എന്റെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ അവള്‍ അവളുടെ കഥ പറഞ്ഞു.അവളുടെ അച്ഛന്‍ റിട്ടയേഡ്‌ എഞ്ചിനീയര്‍ ആയിരുന്നെങ്കിലും മക്കള്‍ക്കു വേണ്ടി ഒന്നും സമ്പാദിക്കാന്‍ പറ്റിയില്ല.മക്കളേക്കാള്‍ അയാള്‍ അയാളുടെ കൂടപ്പിറപ്പുകളെ സ്നേഹിച്ചു.റിട്ടയേഡ്‌ ആയപ്പോള്‍ കിട്ടിയ തുക മുഴുവന്‍ അവര്‍ എങ്ങനെയോ കൈക്കലാക്കി.ഇപ്പോള്‍ അച്ഛന്‍ അസുഖം ബാധിച്ച്‌ കിടപ്പിലാണ്‌.നല്ല കാലത്ത്‌ കൂടെയുണ്ടായിരുന്ന കൂടപ്പിറപ്പുകള്‍ ആരും ഇപ്പോള്‍ തിരിഞ്ഞു നോക്കുന്നില്ല.ജീവിതത്തിണ്റ്റെ ഇരുണ്ട വശങ്ങള്‍ ഒന്നൊന്നായി വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍ തേജ തുണയ്ക്ക്‌ ആരുമില്ലാതെ പകച്ചു നിന്നു പോയി.അങ്ങനെയാണ്‌ ഒരു ജോലിക്ക്‌ വേണ്ടിയുള്ള അന്വേഷണം അവളെ ബാംഗ്ളൂരില്‍ എത്തിച്ചത്‌.ബാംഗ്ളൂരില്‍ അവള്‍ തരക്കേടില്ലാത്ത ഒരു ജോലി സ്മ്പാദിച്ചു.അവള്‍ അയക്കുന്ന പണം കൊണ്ട്‌ ആയിരുന്നു ആ കുടുംബം ജീവിച്ചത്‌.ഇതിനിടെ മൂന്ന് അനിയത്തിമാരില്‍ ഒരാളുടെ കല്യാണവും അവള്‍ നടത്തിക്കൊടുത്തു.വെറൊരു അനിയത്തിയുടെ കല്യാണം നിശ്ചയിച്ചിരിക്കുന്നു.സ്വന്തം കല്യാണത്തെ ക്കുറിച്ചും ഭാവി വരനെക്കുറിച്ചും സ്വപ്നങ്ങള്‍ കാണേണ്ട പ്രായത്തില്‍, തേജ രാപ്പകലില്ലാതെ കുടുംബത്തിനു വേണ്ടി അധ്വാനിച്ചു.
"ഇന്നലെ എന്റെ അനിയത്തി വിളിച്ചിരുന്നു..അവളീപ്പോള്‍ ഭയങ്കര ഹാപ്പിയാ.. കല്യാണം കഴിഞ്ഞതില്‍ പിന്നെ അവളെ ഞാന്‍ കണ്ടിട്ടേയില്ല..എനിക്ക്‌ അവളെ കാണാന്‍ കൊതിയാവുന്നു.. ""ശരിക്ക്‌ പറഞ്ഞാല്‍ പേടിയായിരുന്നു, കെട്ടാന്‍ പോണ ആള്‍ എങ്ങനെയാണെന്ന് അറിയില്ലല്ലൊ..ഇപ്പോള്‍ സമാധാനമായി.. "തേജയുടെ മുഖത്ത്‌ സന്തോഷം.
"നമ്മള്‍ കാരണം മറ്റുള്ളവര്‍ സന്തോഷിക്കുമ്പോഴാണ്‌ നമ്മുടെ ജീവിതത്തിനു ഒരര്‍ത്ഥം ഉണ്ടാകുന്നത്‌ അല്ലെ.. ?"അതു പറയുമ്പോള്‍ തേജയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
അന്ന് ആ പെണ്‍കുട്ടിക്ക്‌ മുന്‍പില്‍ ഞാന്‍ എത്ര മാത്രം ചെറുതാണെന്ന് ഞാന്‍ ഓര്‍ത്തു.ജീവിതം എന്നാല്‍ ഷെയര്‍ മാര്‍ക്കറ്റ്‌,ഷോപ്പിംഗ്‌,കോഫീ ഡെ,കൂട്ടുകാരോടൊത്തുള്ള പാര്‍ട്ടി,ഇതൊന്നുമല്ലെന്ന് അന്ന് എനിക്ക്‌ മനസ്സിലായിത്തുടങ്ങുകയായിരുന്നു.

നീണ്ട പത്ത്‌ വര്‍ഷങ്ങള്‍! ബാംഗ്ളൂര്‍വിട്ട്‌ കുടുംബത്തൊടൊപ്പം ഈ നഗരത്തില്‍ താമസമാക്കിയതില്‍ പിന്നെ തേജയുമായുള്ള ബന്ധം ഇടയ്ക്കെങ്ങാനുമുള്ള ഫോണ്‍ വിളികളില്‍ ഒതുങ്ങി.ഒടുവില്‍ ആ സൌഹൃദത്തിണ്റ്റെ ചരടും നേര്‍ത്ത്‌ നേര്‍ത്ത്‌ ഇല്ലാതായി.അവള്‍ പറയാറുണ്ടായിരുന്നത്‌ പോലെ കാലം ചെല്ലും തോറും, നമുക്ക്‌ ഇങ്ങനെ ഒരോന്ന് നഷ്ടപ്പെട്ടു കൊണ്ടേയിരിക്കും...കാത്തു വച്ച സൌഹൃദങ്ങള്‍,അമ്മ തരുന്ന ഭക്ഷണം...അങ്ങനെ വിലയിടാനവാത്തതെല്ലാം....അവള്‍ എവിടെ ആയിരിക്കും ഇപ്പോള്‍?ഒരു പക്ഷെ കുടുംബത്തോടുള്ള കടമകളെല്ലാം നിറവേറ്റി, നല്ല ഒരു കുടുംബിനിയായി കുട്ടികളോടും ഭര്‍ത്താവിനുമൊപ്പം കഴിയുന്നുണ്ടാകാം.കുടുംബത്തെ ഉപേക്ഷിച്ച്‌ ചില പെണ്‍കുട്ടികള്‍ കാമുകനൊപ്പം ഒളിച്ചൊടുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഇപ്പോഴും തേജ എന്റെ മനസ്സിലേക്ക്‌ കയറി വരാറുണ്ട്‌.

Cant read this?download malayalam font

Click here for Malayalam Fonts