Sunday, August 23, 2009

കമ്മ്യൂണിസ്റ്റുകാരെ പ്രേമിക്കരുതേ.. പ്ളീസ്‌!


ഇനിയുള്ള കാലത്ത്‌ പഠിച്ചിട്ടൊന്നും ഒരു ഉമ്മാക്കിയും അവാമ്പോണില്ല എന്ന ഒരു വിശ്വാസം രൂഢമൂലമായിരുന്ന ഒരു കാലഘട്ടമായിരുന്നു എന്‍റെ പത്താം ക്ളാസ്സ്‌ പഠനകാലം.പിന്നെ ഉച്ചയ്ക്ക്‌ പാച്ചറുടെ കടയില്‍ കിട്ടുന്ന പൂളക്കറി,പുട്ട്‌,പപ്പടം തുടങ്ങിയ ഐറ്റംസ്‌ ദിവസവും സ്കൂളില്‍ പൊവാനുള്ള ഒരു പ്രചോദനമായി നില കൊണ്ടു എന്നു വേണം പറയാന്‍.ഇപ്പോഴും ഇടയ്ക്ക്‌ നാട്ടില്‍ പൊവുമ്പോള്‍ പാച്ചറെ കാണുമ്പോള്‍ പഴയ ആ പൂളക്കറിയുടെയും,മസാല ദോശയുടെയും ഒക്കെ സ്വാദ്‌ വായില്‍ കപ്പലോടിക്കാറുണ്ട്‌.

ഞങ്ങളുടെ കൂട്ടത്തില്‍ കൂമന്‍ സജി എന്നു വിളിക്കപ്പെടുന്ന സജീന്ദ്രന്‍ ആയിരുന്നു പാച്ചറുടെ ഒരു 'ഹൈ വോളിയം' കസ്റ്റമര്‍.അത്‌ അവന്‍റെ ശരീരപ്രകൃതിയില്‍ നിന്നു തന്നെ നിങ്ങള്‍ക്കു മനസ്സിലാക്കാവുന്നതാണ്‌.'ഭക്ഷണം കഴിക്കല്‍ ' ഒഴിച്ചു നിര്‍ത്തിയാല്‍ സജിയുടെ വൈദഗ്ദ്ധ്യം വെളിവായ ചില മേഖലകളായിരുന്നു ക്ളാസ്സ്‌ കട്ട്‌ ചെയ്ത്‌ കൃഷ്ണഗീതയില്‍ നൂണ്‍ ഷോയ്ക്ക്‌ പോക്ക്‌,സ്കൂളില്‍ നടന്നു കൊണ്ടിരിക്കുന്ന കൌമാര പ്രണയങ്ങള്‍ക്ക്‌ മീഡിയേറ്റര്‍ ആയി പ്രവര്‍ത്തിക്കല്‍ തുടങ്ങിയവ.'പാച്ചറുടെ കടയില്‍ നിന്നും ചോദിക്കുമ്പോളൊക്കെ മസാലദോശ' എന്നതായിരുന്നു ഇത്തരം മീഡിയേറ്റര്‍ പണിക്ക്‌ അവന്‍ വെയ്ക്കാറുണ്ടായിരുന്ന പ്രധാന നിബന്ധന.ഇതിന്‌ അവന്‍റെ കസ്റ്റമേഴ്‌സ്‌ ഒട്ടുമുക്കാലും ആണ്‍കുട്ടികളായിരുന്നെങ്കിലും 'ഇഷ്ടപുരുഷപ്രീതി'യ്ക്കായി സ്റ്റെല്ലയെപ്പൊലുള്ള ചില പെണ്‍കുട്ടികളും അവന്‌ രഹസ്യമായി മസാല ദോശ വാങ്ങിക്കൊടുക്കാറുണ്ടായിരുന്നു.
മീഡിയേറ്ററായി നിന്ന പല പ്രണയങ്ങളും പൊട്ടുകയും പാച്ചറുടെ കടയിലെ പറ്റ്‌ ക്രമാതീതമായി കൂടുകയും ചെയ്തപ്പോഴാണ്‌ തന്‍റെ ബിസിനസ്സ്‌ വിപുലപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി കൂമന്‍ സജി ബോധവാനാകുന്നതും ഞങ്ങളുടെ ക്ളാസ്സിലെ ശുദ്ധരില്‍ ശുദ്ധനും പാവത്താനുമായ ശിവനെ നോട്ടമിടുന്നതും.ഇതിന്‍റെയൊക്കെ ഒരു ആഫ്റ്റെര്‍ ഇഫക്റ്റ്‌ ആയിട്ടാണ്‌ സ്കൂളിലെ കലാതിലകവും,അധ്യാപക ദമ്പതിമാരുടെ പൊന്നൊമന പുത്രിയും, സുന്ദരിയുമായ അശ്വതി ഞങ്ങളുടെ ക്ളാസ്സിനടുത്തുകൂടെ പോവുമ്പോള്‍ ശിവനെ ഇടങ്കണ്ണിട്ട്‌ നോക്കാറുണ്ടെന്ന റൂമര്‍ പരക്കുന്നത്‌.അശ്വതിയെപ്പോലെ സുന്ദരിയായ ഒരു പെണ്ണിനെ ആകര്‍ഷിക്കാനുള്ള സൌന്ദര്യമൊന്നും തനിക്കില്ലെന്നു ഉറച്ച്‌ വിശ്വസിച്ചിരുന്ന ശിവന്‍ ഇതൊക്കെ സജിയുടെ ഒരു തമാശയായി മാത്രമെ കണ്ടിരുന്നുള്ളൂ. സംഗതി എല്‍ക്കുന്നില്ലെന്നു മനസ്സിലാക്കിയ സജി തന്‍റെ വലങ്കയ്യും ക്ളാസ്സിലെ ഏറ്റവും പൊക്കം കുറഞ്ഞവനുമായ അടപ്പന്‍ ഷൈജുവിനെ ഇറക്കാന്‍ തീരുമാനിച്ചു(ഒരിക്കല്‍ സജി സ്കൂളിലേക്ക്‌ ഒളിച്ചു കടത്തിക്കൊണ്ടു വന്ന ബിയര്‍ ഒരു അടപ്പ്‌(കുപ്പിയുടെ മൂടി) കഴിച്ചപ്പോഴേക്കും കിക്ക്‌ ആയതു കാരണമാണ്‌ ഷൈജുവിനെ ആ പേര്‌ വീണത്‌).
പെണ്‍ വിഷയത്തില്‍ അതി നിപുണനും അവരുടെ മുഖഭാവം നോക്കി മനസ്സിലിരിപ്പു പറയുന്നവനുമായ അടപ്പന്‍ ഷൈജുവും ഇതു കണ്‍ഫെം ചെയ്തതോടെ ശിവന്‍ ജാഗരൂകനായി.അടുത്ത ദിവസം അശ്വതി ക്ളാസ്സിനടുത്തു കൂടെ പോവുമ്പോള്‍ രഹസ്യമായി വാച്ച്‌ ചെയ്യണം എന്നു ശിവന്‍ തീരുമാനിച്ചു.അടുത്ത ദിവസം ആരെയും മൈന്‍റു ചെയ്യാതെ നമ്രശിരസ്കയായി ക്ളാസ്സിലേക്ക്‌ നടന്നു പോകുന്ന അശ്വതിയെ കണ്ടതും ശിവന്‍റെ മനസ്സില്‍ നിരാശ പടര്‍ന്നു.ആരെങ്കിലും തങ്ങളെ നോക്കുന്നുണ്ടെന്നു തോന്നിയാല്‍ എല്ലാ പെണ്‍കുട്ടികളും ചെയ്യാറുള്ളതാണിതെന്നും അതുകൊണ്ടൊന്നും നീ നിരാശപ്പെടേണ്ടെന്നും മുന്‍ കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ അടപ്പന്‍ കുറെ ഉപദേശിച്ചെങ്കിലും ശിവന്‌ അത്രയ്ക്കങ്ങ്‌ വിശ്വാസം വന്നില്ല.തുടര്‍ന്നാണ്‌ ഇത്‌ 'ക്ളിയര്‍' ആക്കിത്തരാന്‍ തന്നാല്‍ കഴിയുന്ന എളിയ സഹായം ചെയ്യാമെന്നുള്ള കൂമന്‍റെ വാഗ്ദ്ധാനത്തില്‍ ശിവന്‍ വീഴുന്നത്‌.ഫൈവ്‌ സ്റ്റാര്‍ ചോക്ളയ്റ്റുകള്‍ അശ്വതിയുടെ ഒരു പ്രധാന വീക്ക്‌നെസ്‌ ആണെന്നും അശ്വതിയുടെ കസിന്‍ സിസ്റ്റെര്‍ തന്‍റെ ഒരു അകന്ന ബന്ധുവാണെന്നും അവളുടെ കയ്യില്‍ എല്ലാ ദിവസവും ഒരോ ഫൈവ്‌ സ്റ്റാര്‍ വീതം കൊടുത്തു വിടാമെന്നുമുള്ള ബുദ്ധി ഉപദേശിച്ചത്‌ കൂമന്‍ തന്നെ ആയിരുന്നു.പക്ഷെ ശിവന്‍ പ്രണയപൂര്‍വം പ്രാണേശ്വരിക്ക്‌ അയച്ചുകൊണ്ടിരുന്ന ഫൈവ്‌ സ്റ്റാറുകള്‍ എല്ലം തന്നെ കൂമന്‍റെയും ചിലപ്പോഴൊക്കെ അടപ്പന്‍റെയും വയറുകളില്‍ ആണ്‌ അന്ത്യവിശ്രമം കൊള്ളുന്നതെന്നുള്ള സത്യം പക്ഷെ പാവം ശിവന്‍ അറിഞ്ഞിരുന്നില്ല.പോരാത്തതിന്‌ ദിവസവും പാച്ചറുടെ കടയില്‍ നിന്ന്‌ ഫ്രീ ലഞ്ച്‌ ശിവന്‍ വക.കാര്യമായിട്ടുള്ള പുരോഗതിയൊന്നും കാണാതെ സഹി കെട്ട്‌ അവസാനം ശിവന്‍ ചോദിച്ചു.
"വല്ലതും നടക്കുമോ?"
"നടക്കും...നീ വിചാരിച്ചാല്‍..നിന്നെ അവള്‍ക്ക്‌ ഇഷ്ടമൊക്കെയാണ്‌..പക്ഷെ നിന്‍റെ ഈ നാരോന്ത്‌ പൊലെയുള്ള ശരീരമാണ്‌ പ്രധാന തടസ്സം. "
തുടര്‍ന്നാണ്‌ 'ഈ ശരീരത്തില്‍ ഞാനൊരു താജ്‌ മഹല്‍ പണിയും' എന്നുള്ള ജിമ്മന്‍ സേവ്യറുടെ പ്രലോഭനത്തില്‍ വിശ്വസിച്ച്‌ അയാളുടെ ജിമ്മില്‍ പോയി തുടങ്ങിയതും കഷ്ടി രണ്ട്‌ ദിവസം കഴിഞ്ഞപ്പോഴെയ്ക്കും ശരീരം അനക്കാന്‍ വയ്യാതായതും ഈ ശരീരം കണ്ടിട്ട്‌ പ്രേമിക്കുന്നെങ്കില്‍ മതി എന്നുള്ള ഒരു തീരുമാനത്തില്‍ ശിവന്‍ എത്തിയതും. കൂമന്‍റെയും അടപ്പന്‍റെയും ചെലവ്‌ കുത്തനെ ഉയരുന്നതല്ലാതെ കാര്യങ്ങളില്‍ ഒരു പുരോഗതിയും ഇല്ലെന്ന് കണ്ടിട്ട്‌ ആയിരിക്കണം ആശ്വതിയെ നേരില്‍ കണ്ട്‌ പ്രണയം അറിയിക്കനുള്ള പദ്ധതി ശിവന്‍ തയ്യാറാക്കിയത്‌.സൌന്ദര്യത്തെപ്പറ്റി പുകഴ്ത്തി പറഞ്ഞാല്‍ വീഴാത്ത ഒരു പെണ്ണും ഇന്നേവരെ ഭൂമിയില്‍ ജനിച്ചിട്ടില്ലെന്നുള്ള അടപ്പന്‍റെ നിരീകഷണം ഒന്നു പരീക്ഷിക്കാന്‍ തന്നെ ശിവന്‍ തീരുമാനിച്ചു.
തലേന്ന് ഉരുവിട്ട്‌ പഠിച്ച മാന്‍മിഴി,കാര്‍കൂന്തല്‍ തുടങ്ങിയ വാക്കുകള്‍ ഒന്നു കൂടെ ഉരുവിട്ടു ശിവന്‍ ആശ്വതിയുടെ ക്ളാസ്സിലേക്ക്‌ വച്ചു പിടിച്ചു.ആശ്വതിയെ കണ്ടതും ശിവന്‍ പറഞ്ഞു..
"സജി കുട്ടിയോട്‌ എല്ലാം പറഞ്ഞു കാണും..എനിക്ക്‌ കുട്ടിയെ വളരെ ഇഷ്ടമാ.."
തുടര്‍ന്ന് സൌന്ദര്യവര്‍ണ്ണനയ്ക്കാഞ്ഞ ശിവനെ അശ്വതി അടിമുടി ഒന്നു നോക്കി,എന്നിട്ട്‌ ചോദിച്ചു.
"താനാരാ?.. അരാ ഈ സജി?"
"അപ്പോള്‍ അവന്‍ പറഞ്ഞില്ലേ?" ശിവന്‍റെ ശബ്ദം തൊണ്ടയില്‍ കുരുങ്ങി.
"ഒരു കാര്യം പറഞ്ഞേക്കാം.. ഇനി എന്‍റെ പുറകെ നടന്ന് ശല്യം ചെയ്താല്‍ ഞാന്‍ അമ്മയോട്‌ പറഞ്ഞു കൊടുക്കും"
അമ്മ ഇവിടെ ടീച്ചര്‍ ആണെന്നുള്ള അഹങ്കാരമാണ്‌ പെണ്ണിന്‌..അല്ലെങ്കിലും കുറച്ച്‌ സൌന്ദര്യം കൂടിയാല്‍ പെണ്ണിന്‌ അഹങ്കാരവും കൂടും.ശിവന്‍ മനസ്സില്‍ പറഞ്ഞു. അശ്വതി എന്ന സ്വപ്നം അവിടെ ഇറക്കി വച്ച്‌ ശിവന്‍ തിരിച്ച്‌ നടന്നു..തിരിഞ്ഞു നോക്കാതെ...
പ്രണയനൈരാശ്യം ബാധിച്ചവര്‍ക്ക്‌ കമ്മ്യൂണിസ്റ്റ്‌ അവേണ്ട യാതൊരു കാര്യവും ഇല്ല.പക്ഷെ ശിവന്‍റെ കാര്യത്തില്‍ ആ അദ്ഭുതം സംഭവിച്ചു.ഒഴിവു സമയങ്ങളില്‍ അശ്വതിയെ വളയ്ക്കാനുള്ള വഴികള്‍ ആലോചിച്ചിരിക്കറുണ്ടായിരുന്ന ശിവന്‍ ലൈബ്രറിയില്‍പ്പോയി മൂലധനത്തിന്‍റെ മലയാള പരിഭാഷ വായിക്കാന്‍ തുടങ്ങിയത്‌ കുട്ടികളും ടീച്ചര്‍മാരും അദ്ഭുതത്തോടെയായിരുന്നു നോക്കിയത്‌.പെണ്ണെന്ന വര്‍ഗം ക്രിക്കറ്റ്‌ കളി പോലെ അനിശ്ചിതത്വം നിറഞ്ഞതാണെന്ന് അശ്വതിയും തെളിയിച്ചു.ശിവനെ വിരട്ടി ഒരു മാസം കഴിയുന്നതിനു മുന്‍പെ അശ്വതിയില്‍ ശിവനോടുള്ള പ്രണയം തളിരിട്ടു.അശ്വതി ശിവനില്‍ പ്രണയാര്‍ദ്രയാകാന്‍ പല കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടുവെങ്കിലും ശിവനെ വിരട്ടിയ ശേഷമുള്ള പശ്ചാത്താപമായിരിക്കാം 'വര്‍ക്കൌട്ട്‌' ചെയ്തതെന്നുള്ള പൊതുവായ ഒരു കണ്‍ക്ളൂഷനില്‍ ഞങ്ങളെല്ലാവരും എത്തി.
ശിവനെ നേരിട്ട്‌ കാണുമ്പോഴൊക്കെ തന്‍റെ പ്രണയം കണ്ണുകളിലൂടെയും ബോഡി ലാംഗ്വേജിലൂടെയും കാണിക്കാന്‍ അശ്വതി ഒരു മടിയും കാണിച്ചില്ല.പക്ഷെ ശിവന്‍ ശ്രമിച്ചത്‌ അശ്വതിയുടെ മുന്നില്‍പ്പെടാതിരിക്കാനായിരുന്നു.അടപ്പന്‍റെയും കൂമന്‍റെയും ഉപദേശമൊന്നും ശിവന്‍റെയടുത്ത്‌ വിലപ്പോയില്ല.ഇതുകൊണ്ടൊന്നും മുന്നോട്ട്‌ വച്ച കാല്‍ പിന്‍ വലിക്കാന്‍ അശ്വതി ഒരുക്കമായിരുന്നില്ല.അങ്ങനെയാണ്‌ അവള്‍ കൂമന്‍റെ സഹായം തേടിയത്‌.ദി വെരി നെക്സ്റ്റ്‌ ഡേ കൂമന്‍ മുഖാന്തിരം അശ്വതിയുടെ ഒരു പ്രണയലേഖനം ശിവന്‍റെ കയ്യിലെത്തി.അതില്‍ അശ്വതി ഇങ്ങനെ എഴുതിയിരുന്നു.
പ്രിയ്യപ്പെട്ട ശിവന്‍ ചേട്ടന്‌,
എനിക്കെന്താണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് എനിക്ക്‌ തന്നെ അറിയുന്നില്ല.ശിവന്‍ ചേട്ടനെപ്പറ്റി ഓര്‍മിക്കാത്ത ഒരു സെക്കന്‍റു പോലുമില്ല ഇപ്പോള്‍ എന്‍റെ ജീവിതത്തില്‍.അത്രയ്ക്ക്‌ ഇഷ്ടമാണ്‌.നീയാണ്‌ എന്‍റെ ഹൃദയം,എനിക്കറിയാം എനിക്ക്‌ ഹൃദയമില്ലാതെ ജീവിക്കാനാകില്ലെന്ന്‌.
എന്ന്‌ സ്വന്തം അശ്വതി.
ശിവന്‍ കുറച്ച്‌ നേരത്തേക്ക്‌ ആ കത്തിലേക്ക്‌ തന്നെ നോക്കി നിന്നു.ശിവന്‍റെ മുഖഭാവത്തില്‍ നിന്നും ആര്‍ക്കും ഒന്നും വായിച്ചെടുക്കാന്‍ പറ്റുന്നില്ല. പെട്ടെന്നായിരുന്നു മുഷ്ടി ചുരുട്ടിക്കൊണ്ട്‌ ശിവന്‍ ഇങ്ങനെ പ്രഖ്യാപിച്ചത്‌. "ഇത്തരം ചപല പ്രണയത്തിന്‍റെ പേര്‌ പറഞ്ഞ്‌ ഹോമിച്ച്‌ കളയാനുള്ളതല്ല എന്‍റെ യൌവനം..അത്‌ പോരാടാനുള്ളതാണ്‌."
ക്ളാസ്സിലെ എല്ലാവരും സ്തബ്ധരായി നില്‍ക്കെ കൂമനോടായി ശിവന്‍ പറഞ്ഞു.
"ഇനിയൊരു പ്രണയത്തിന്‌ എന്‍റെ മനസ്സില്‍ സ്ഥാനമില്ലെന്ന് പറഞ്ഞേക്ക്‌ അവളോട്‌.ഇനി എന്‍റെ പ്രണയം കമ്മ്യൂണിസത്തോടു മാത്രം. "
കൂമന്‍റെ 'പ്രൊഫെഷണല്‍ ലൈഫില്‍' ആദ്യമായിട്ടായിരുന്നു ഇത്തരമൊരു 'കേസ്‌'.അതു കാരണം വളരെ പണിപ്പെട്ടാണ്‌ പ്രണയം തലയ്ക്ക്‌ പിടിച്ച അശ്വതിയെ എന്തൊക്കെയൊ ഒഴിവുകഴിവു പറഞ്ഞ്‌ ഇതില്‍ നിന്നും കൂമന്‍ പിന്തിരിപ്പിച്ചത്‌.പിന്നീട്‌ നാട്ടിലുള്ള കമ്മ്യൂണിസ്റ്റ്‌ കാരെ മുഴുവന്‍ തെറി പറഞ്ഞു നടക്കലായിരുന്നു കുറച്ച്‌ കാലത്തേയ്ക്ക്‌ കൂമന്‍റെ പ്രധാന പരിപാടി. എന്‍റെ സ്കൂള്‍ ജീവിതത്തില്‍ നടന്ന, പിന്നീട്‌ ഓര്‍ത്തോര്‍ത്ത്‌ ചിരിക്കാന്‍ വക നല്‍കിയ രസകരമായ ഒരു സംഭവമായിരുന്നു ഇത്‌. പക്ഷെ എനിക്ക്‌ ഇപ്പോഴും അറിയില്ല, സുന്ദരിയായ ഒരു പെണ്ണിന്‍റെ പ്രണയം നിരസിക്കാന്‍ മാത്രം എന്ത്‌ കൈവിഷമാണ്‌ ശിവന്‌ കമ്മ്യൂണിസം കൊടുത്തതെന്ന്‌!

Cant read this?download malayalam font

Click here for Malayalam Fonts