Monday, April 27, 2009

പെണ്‍കുട്ടികള്‍ ഉറങ്ങുമ്പോള്‍ സൌന്ദര്യം കൂടുമൊ?

എന്റെ ഏഴ്‌ പ്രണയങ്ങളും എവിടെയുമെത്താതെ വണ്‍ വെ ആയി കെട്ടടങ്ങി നില്‍ക്കുന്ന കാലത്തായിരുന്നു ഒരു ദേവദൂതനെപ്പൊലെ ബൈജുവിന്റെ വരവ്‌.ഒരു പ്രണയം വിജയകരമാക്കാന്‍ നമ്മള്‍ പിന്തുടരേണ്ട പ്രധാനപ്പെട്ട ടാക്റ്റിക്സ്‌ എല്ലാം തന്നെ പറഞ്ഞു തരാന്‍ സന്‍മനസ്സ്‌ കാണിച്ചത്‌ ബൈജു മാത്രമായിരുന്നു.അതുകൊണ്ട്‌ തന്നെ ബൈജുവിനെ ഒരു സുഹൃത്ത്‌ എന്നു വിളിക്കുന്നതിനെക്കാള്‍ എനിക്കിഷ്ടം ഒരു സ്നേഹിതന്‍ എന്നു വിളിക്കാനാണ്‌.എന്റെ ഭാര്യക്ക്‌ ഇപ്പൊഴും അറിയില്ല പ്രണയകാലത്ത്‌ ഞാന്‍ അവള്‍ക്കു കൊടുത്ത പ്രണയലേഖനങ്ങള്‍ മിക്കതും അവന്റെ സൃഷ്ടികള്‍ ആയിരുന്നെന്ന്‌ (അവള്‍ക്ക്‌ ബ്ളോഗ്‌ വായിക്കുന്ന ശീലം ഇല്ലാത്തത്‌ എന്റെ ഭാഗ്യം).ചങ്ങമ്പുഴയെക്കാള്‍ കാല്‍പനികത ആയിരുന്നു അവന്റെ പ്രണയ സന്ദേശങ്ങള്‍ക്ക്‌.അതു കാരണം തന്റെ ഇഷ്ടപ്രാണേശ്വരി(കള്‍)ക്ക്‌ കൈമാറനുള്ള പ്രണയ സന്ദേശങ്ങള്‍ക്കായി അവന്റെ മുന്നില്‍ ഒരു ക്യു തന്നെ ഉണ്ടായിരുന്നു എപ്പോഴും.

സാഹിത്യം ,കല,രാഷ്ട്രീയം,പ്രണയം തുടങ്ങി എല്ലാ കാര്യത്തിലും മിടുക്ക്‌ കാട്ടിയിരുന്നു ബൈജു.ആധുനികതയും ഉത്തരാധുനികതയും തമ്മിലുള്ള വ്യത്യാസം എന്നെ മനസ്സിലാക്കിക്കാന്‍ ശ്രമിച്ചു പരാജയപ്പെടാറുണ്ടായിരുന്നു അവന്‍.എനിക്ക്‌ ആ വക കാര്യങ്ങളിലുള്ള അറിവ്‌ അത്ര ഗഹനമായിരുന്നു.എന്നെങ്കിലും ഒരു സിനിമയ്ക്കു വേണ്ടി തിരക്കഥ എഴുതണമെന്നായിരുന്നു അവന്റെ ആഗ്രഹം.

അവന്റെ പ്രണയങ്ങളെ പറ്റി പറയുകയാണെങ്കില്‍ അക്കാര്യത്തില്‍ അവന്‍ അതീവ സമ്പന്നനായിരുന്നു.ബൈജുവിനെ നിങ്ങള്‍ നേരിട്ട്‌ കാണുകയാണെങ്കില്‍ ഒരിക്കലും പറയില്ല,പ്രി ഡിഗ്രീ ക്ളാസ്സിലെ നിഷ മുതല്‍ ഞങ്ങളെക്കാള്‍ രണ്ടു വര്‍ഷം സീനിയര്‍ ആയ സാറ വരെ അവനെ സ്നേഹിച്ചിരുന്നെന്ന്‌.വളരെ കുറഞ്ഞ കാലയളവിലേക്ക്‌ മാത്രമെ അവന്‍ ഓരൊ പ്രണയത്തിനെയും കൊണ്ടു നടന്നിരുന്നുള്ളൂ.അതിന്‌ അവന്‍ പറഞ്ഞ കാരണം സാഹിത്യകാരന്‍മാരും കലാകാരന്‍മാരും എപ്പോഴും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി അലഞ്ഞുകൊണ്ടേയിരിക്കും എന്നാണ്‌.

ബൈജുവിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും എപ്പോഴും വിചിത്രമായിരുന്നു.അതിലൊന്ന്‌ പെണ്‍കുട്ടികള്‍ ഉറങ്ങുന്നത്‌ കാണാനുള്ള അവന്റെ ക്രേസ്‌ ആയിരുന്നു.ഒരു പെണ്‍കുട്ടി ഉറങ്ങുമ്പോഴാണ്‌ കൂടുതല്‍ സൌന്ദര്യം തോന്നിക്കുന്നതെന്നുള്ളതായിരുന്നു അവന്റെ തിയറി. ആന്‍ മേരി എന്ന തൃശൂര്‍ക്കാരി കൊച്ച്‌ ഉറങ്ങുന്നത്‌ കാണാന്‍ ലേഡീസ്‌ ഹോസ്റ്റലിന്റെ മതില്‍ ചാടിക്കടക്കുന്നത്‌ വരെ എത്തിയിരുന്നു അവന്റെ ഉറക്കത്തോടുള്ള ക്രേസ്‌.പിറ്റേന്ന്‌ തന്നെ ഈ കഥ കൊളേജില്‍ പാട്ടായി.ലൈബ്രറിയിലേക്ക്‌ ഉള്ള വഴിയില്‍ ഞങ്ങളെ കണ്ടതും ആന്‍ മേരി അടുത്തേക്ക്‌ വന്നു.ബൈജു ഒന്നു പരുങ്ങി.ആന്‍ മേരിയുടെ സ്വതവെ ചുവന്ന കവിളുകള്‍ ഒന്നു കൂടി ചുവന്നിരുന്നു.കണ്ണുകളില്‍ ദേഷ്യം.എന്നിട്ട്‌ ബൈജുവിനൊടായി പറഞ്ഞു.

"ഇനി ഇത്‌ ആവര്‍ത്തിക്കരുത്‌"

"എന്ത്‌?"

പെട്ടെന്നായിരുന്നു ബൈജുവിന്റെ ചൊദ്യം.

"രാത്രി പെണ്‍കുട്ടികള്‍ ഉറങ്ങുമ്പോള്‍ ഏന്തിവലിഞ്ഞുള്ള വൃത്തികെട്ട നോട്ടം" ആന്‍ മേരി തിരിച്ചടിച്ചു.

"ഞാന്‍ ഒന്നു നോക്കിയതു കൊണ്ടു നിന്റെ ചാരിത്ര്യം പോയിട്ടൊന്നുമില്ലല്ലോ മേരിക്കൊച്ചേ"

കൂടി നിന്ന ആണ്‍കുട്ടികള്‍ ആര്‍ത്തു ചിരിച്ചു.ആന്‍ മേരിയുടെ കണ്ണുകള്‍ സജലങ്ങളായി.കരഞ്ഞു കൊണ്ടു ആന്‍ മേരി തിരിച്ചു നടന്നു. ദിവസങ്ങള്‍ പലതു കഴിഞ്ഞു.ആന്‍ മേരിയെപ്പറ്റി ബൈജു പിന്നീട്‌ ഒന്നും പറഞ്ഞില്ല.

ഞങ്ങളുടെ എല്ലാവരുടെയും തലയില്‍ സിനിമാ ഭ്രാന്ത്‌ കയറിയ കാലമായിരുന്നു അത്‌.ഒരു തിരക്കഥാകൃത്ത്‌ ആവുകയെന്ന ആഗ്രഹം ബൈജുവിന്റെ മനസ്സില്‍ കൊടുമ്പിരി കൊണ്ടു.ഭരതന്‍,പത്മരാജന്‍,ജോണ്‍ എബ്രഹാം തുടങ്ങിയവരുടെ ഡൈ ഹാര്‍ഡ്‌ ഫാന്‍ ആയിരുന്നു ബൈജു അക്കാലത്ത്‌.ഇവരൊക്കെ അത്യാവശ്യം അടിക്കുന്ന കൂട്ടത്തിലാണെന്നു ബൈജു എങ്ങനെയൊ അറിയുകയും ആരാധന മൂലമോ അവരെപ്പോലെയൊക്കെ ആവണമെങ്കില്‍ കുറച്ച്‌ അടിക്കണമെന്ന ധാരണ മൂലമൊ തുടങ്ങിയ വെള്ളമടി,ബൈജുവിനെ ഒരു മുഴുക്കുടിയനാക്കുകയും ചെയ്തു.കുടിച്ചു കഴിഞ്ഞാല്‍ നെരൂദ,ദസ്തെയ്‌വ്സ്കി,കാള്‍ മാര്‍ക്സ്‌, തുടങ്ങിയവരെ ഉദ്ധരിച്ചായിരുന്നു ബൈജു ഒരോ കാര്യവും പറയാറ്‌.പതുക്കെ പതുക്കെ ബൈജുവില്‍ ഒരു ഉള്‍വലിയല്‍ പ്രകടമായി.പഴയ ഉത്സാഹിയായ ബൈജുവിന്റെ ഒരു നിഴല്‍ മാത്രമായി മാറിക്കഴിഞ്ഞിരുന്നു ബൈജു.കുടിയാണെങ്കില്‍ നിര്‍ബാധം തുടര്‍ന്നു.പിന്നീട്‌ എപ്പൊഴൊ ബൈജു ക്ളാസ്സില്‍ വരാതെയായി.അന്വേഷിച്ചപ്പൊള്‍ അറിഞ്ഞു അവന്‍ ഹോസ്റ്റല്‍ വിട്ടു നാട്ടില്‍ പോയെന്ന്‌.


അതിനു ശേഷം വര്‍ഷങ്ങള്‍ കടന്നുപോയി,ജീവിതം മാറി, ഉത്തരവാദിത്തങ്ങളായി,ഓര്‍മകളില്‍ ബൈജു ഒരു മങ്ങിയ രേഖയായി അവശേഷിച്ചു.ഒരു വ്യാഴവട്ടത്തിനു ശേഷം കഴിഞ്ഞ ഡിസംബറില്‍ വീണ്ടും ഞാന്‍ ബൈജുവിനെ കണ്ടു.പയ്യന്നൂരേക്കുള്ള ട്രെയിന്‍ യാത്രയില്‍ പെട്ടെന്നു എന്റെ മുന്നിലേക്ക്‌ കടന്നുവന്ന മനുഷ്യന്‍ ബൈജു ആണെന്ന്‌ തിരിച്ചറിയാന്‍ എനിക്ക്‌ കുറച്ച്‌ സമയം എടുക്കേണ്ടി വന്നു.അതിലേക്കാളെറേ അത്ഭുതം അവന്റെ ഭാര്യയെക്കണ്ടപ്പൊഴായിരുന്നു.ആന്‍ മേരി!.കൂടെ ഒരു പെണ്‍കുഞ്ഞും.ആഘോഷിക്കപ്പെട്ട പ്രണയങ്ങളായിരുന്നു മിക്കതും ബൈജുവിന്റെത്‌.ബൈജുവിന്റെ പ്രണയം കൊളേജില്‍ ഒരു ഈച്ചക്കുഞ്ഞു പോലും അറിയാതെ പോകുമായിരുന്നില്ല .പക്ഷെ ഇത്‌...ആന്‍ മേരിയുടെ കരച്ചിലില്‍ തുടങ്ങിയ മൂകപ്രണയം ഒരു കഥ കേള്‍ക്കുന്നത്‌ പൊലെ ഞാന്‍ കേട്ടു.നിറഞ്ഞ ചിരിയൊടെ ആന്‍ മേരിയും അത്‌ ആസ്വദിക്കുകയായിരുന്നു.ആന്‍ മേരിയെയും കുഞ്ഞിനെയും ചെര്‍ത്തു പിടിച്ചുകൊണ്ട്‌ ബൈജു പറഞ്ഞു.."ഇവള്‍ എന്നെ പ്രണയിക്കാന്‍ പഠിപ്പിച്ചു,ജീവിക്കാനും". ബൈജുവിന്‌ ഇറങ്ങേണ്ട സ്റ്റേഷന്‍ എത്തി,വീണ്ടും കാണാമെന്ന ഉറപ്പിന്‍മേല്‍ ഞങ്ങള്‍ പിരിഞ്ഞു.ട്രെയിന്‍ മെല്ലെ നീങ്ങിത്തുടങ്ങി..ആരൊക്കെയൊ വന്ന്‌ അടുത്ത സീറ്റുകളില്‍ ഇരുന്നു.. ബൈജുവും ആന്‍ മേരിയും മനസ്സില്‍ നിന്നും മായുന്നില്ല.ആരും അറിയാത്ത ആഘോഷിക്കപ്പെടാത്ത പ്രണയങ്ങള്‍!പുറത്ത്‌ ഒരു മഴയുടെ ലക്ഷണം..ഒരു തണുത്ത കാറ്റ്‌ എന്നെ വീശി കടന്നു പോയി.പെയ്യാതെ പോകുന്ന ചില പ്രണയങ്ങള്‍ പോലെ ഈ മഴയും പെയ്യാതിരിക്കുമോ?ഒരു മഴ പെയ്യുന്നത്‌ കാണാന്‍ ഒരിക്കലുമില്ലാത്ത ആശ എന്നിലുണര്‍ന്നു.

27 comments:

Shaheer Kunhappa.K.U said...

വാക്കുകള്‍ക്കിടയില്‍ സൌന്ദര്യം ഒളിപ്പിച്ചു വെച്ചിട്ടുണ്ട്‌. ഭാവുകങ്ങള്‍

nandakumar said...

നനുത്ത പ്രണയത്തിന്റെ ഈറന്‍ കാറ്റ്!!

നല്ലൊരു ത്രെഡ് ആണല്ലോടോ താന്‍ സിമ്പിളാക്കി കളഞ്ഞത്. :) മിനിമം നൂറ് കമന്റിനപ്പുറവും നല്ല അഭിപ്രായവും കിട്ടേണ്ടിയിരുന്ന ഒരു പോസ്റ്റായിരുന്നു. ഒരല്‍പ്പം ക്ഷമ കാണിച്ചിരുന്നെങ്കില്‍, തിരുത്തിയെഴുതിയിരുന്നെങ്കില്‍ വായനക്കാരുടെ മനസ്സില്‍ കുറച്ചു ദിവസം തങ്ങിനില്‍ക്കുമായിരുന്നു ഈ പ്രണയപൂമണം. :)

(വിമര്‍ശനമല്ല, ഒരു തുറന്ന അഭിപ്രായം മാത്രം.) ഇനിയും നല്ല സൃഷ്ടികള്‍ എഴുതാന്‍ ആശംസകളോടെ...

Sreejith said...

good nalla avatharanam ... kurachu koodi ezhuthaamayirunnu .. vishadamaayi ... bhaavukangal

ramanika said...
This comment has been removed by the author.
ramanika said...

ബിജുവിനെ ഇനി കണ്ടാല്‍ ഇത് മിനിമം ഒരു സീരിയല്‍ ആക്കാന്‍ എങ്കിലും പറയണം
visualize ചെയ്യാന്‍ നല്ല രസം തോന്നുന്നു !
പോസ്റ്റ് ഇഷ്ട്ടപെട്ടു.

എം.എസ്. രാജ്‌ | M S Raj said...

കൊള്ളാം കേട്ടോ... നല്ല പോസ്റ്റ്. ഇനിയും വരാം. വായിക്കാം. തൂടര്‍ന്നെഴുതൂ..

സസ്നേഹം,
എം.എസ്.രാജ്

KapilRaj said...

You reminded me of an old friend through Baiju..

This is indeed a surprise ! Well written, Enjoyed every line, Keep writing ..

Sabu Kottotty said...

നന്ദകുമാര്‍ പറഞ്ഞത്‌ 100% ശരി..! ഉഷാറാക്കാമായിരുന്ന ഒരു സംഭവം സാമ്പിളാക്കിയതെന്തിനാണ്‌ ? ഞാന്‍ ബ്ലോഗിത്തുടങ്ങിയതിനു ശേഷം ബൂലോകത്ത്‌ ഇത്രയും ഭാവനാപൂര്‍ണമായി മറ്റൊരു പോസ്റ്റ്‌ കണ്ടില്ല ! (പൊക്കിപ്പറയുന്നതല്ല കേട്ടോ) വീണ്ടും കാണാം.

സഹൃദയന്‍ said...

നന്നായിട്ടുണ്ട് മാഷേ....

Rashid.A.V said...

ormakalude oru kadalirambam. nanutha mansoon kattu pole ninte ezhuthu. good work pratheesh. you have the touch and skill. keep writing..

with regards
Rashid.A.V

Anonymous said...

VERY VERY GOOD

Areekkodan | അരീക്കോടന്‍ said...

കൊച്ചു ഗള്ളാ....

വാഴക്കോടന്‍ ‍// vazhakodan said...

നീ തിരക്ക് കൂട്ടല്ലേ ഗെഡീ, പോസ്റ്റു ചെയ്യുന്നതിന് മുന്‍പ് ഒന്നുകൂടി വായിക്കു! ഇനിയും നന്നാവും, തുടക്കം എന്തായാലും കലക്കീട്ടാ. ഇനിയും എഴുതു എല്ലാം ശരിയാകും കേട്ടാ!

കാട്ടിപ്പരുത്തി said...

ഏപ്രില്‍ കഴിഞ്ഞു ഓക്റ്റോബറില്‍ മറ്റൊരു പോസ്റ്റ്- എഴുത്തറിയുന്ന ഇയാളെന്തിനെഴുതാതിരിക്കണം-
ഇങ്ങു പോരട്ടെടോ-

R.K.Biju Kootalida said...

pratheesh kalakki,
nalla bhasha...
ur beatiful sentences slowly uncovers the plot...
congrates..

ശിവ || Shiva said...

കൊള്ളാം ...നല്ല രസമുണ്ട് വായിക്കാന്‍ . ബൈജുവിനെ ശരിക്കറിയുന്നതുപോലെ തോന്നി .കാരണം അയാളുടെ എല്ലാ ക്രേസ്സും എനിക്കും ഉണ്ട് ., കൂട്ടുകാര്‍ക്ക് ഞാന്‍ എഴുതിക്കൊടുത്ത പ്രണയലേഖനങ്ങള്‍ ...എല്ലാം ഓര്‍ത്തു പോകുന്നു . മൂന്നു നാല് വിവാഹങ്ങള്‍ വരെ എത്തിക്കാന്‍ ആ ലേഖനങ്ങള്‍ക്ക് കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ട് . ( എനിക്കായി ഞാന്‍ എഴുതുന്നത്‌ എല്ലാം ചവറ്റു കുട്ടയില്‍ ആണ് പോകുന്നതെങ്കിലും ....). അവരുടെയൊക്കെ ദാമ്പത്യ വല്ലരി പൂത്തു തളിര്ക്കുമ്പോള്‍ എന്റെ വാക്കുകളില്‍ മൊട്ടിട്ട പ്രണയങ്ങളെ കുറിച്ച് ഓര്‍ത്തു സന്തോഷിക്കാറുണ്ട് . തിരുവനന്തപുരം യൂനിവേഴ്സിട്ടി കോളേജിന്റെ പടിയിരങ്ങുംപോള്‍ സമീപത്തു ഒരു ആന്മേരി ഇല്ലായിരുന്നു . ബൈജുവിന് സുന്ദരികള്‍ ഉറങ്ങുന്നതാണ് കാണാനാണ് ഇഷ്ടമെങ്കില്‍ എനിക്ക് സുന്ദരികളായ മദാമ്മ ക്കുട്ടികളെ ആണ് ഇഷ്ടം .....,

തുടര്‍ന്നും പ്രതീക്ഷിക്കുന്നു ......

Laji said...

Nannayi ezhuthi thudangiyathu..eniyum orupadu ezhuthanundu ennum ariyam. Bhavanayude details lekku poyal shiri koodi nannavum nnu thonnunnu. As some one said "God is in the details"..

Enthayalum quite a refreshing read :-)

പ്രതീഷ്‌ദേവ്‌ said...

നന്ദി...ഷഹീര്‍,ശ്രീജിത്ത്‌,രാജ്‌,
കപില്‍,സഹൃദയന്‍,റാഷിദ്‌,സുജീഷ്‌,
അരീക്കോടന്‍,ബിജു,രാജേഷ്‌,
ലജി,കാട്ടിപ്പരുത്തി .
@nandakumar and
kottottikkaran
നിങ്ങളുടെ തുറന്ന അഭിപ്രായത്തിനു നന്ദി. കുറച്ച്‌ കൂടി ഒന്നു ഉഷാറക്കാമായിരുന്നു അല്ലേ...എനിക്കും തോന്നി. അടുത്ത പോസ്റ്റില്‍ ശ്രദ്ധിക്കാം.

Unknown said...

Nice work bhai,carry on&on,nice language is a true gift&u got it.Innate things shouldnot be lost in any circumstances.So keep moving ur days wont be far away.Beaaaaaaaaaaaaaaaaaaautiful job.Better luck for the future.

KishorBabu said...

good keep writing.......

Sakkeer said...

Suhruthe Bhavukangal.. Aadhyathe Blog Edit cheyyan avasaram kittiyathil santhosham.... Ninte Kazhivukal enikkariyam pakshe thudarchayayi ezhuthan nee shramikkunnilla.. theerchayayum ithu nannayittundu... BhooLokhathullavar ninakku Passport Thannille?.. Ini maasathil oru blog Publish cheythillel.. Daivaaaane sathyam ninne njaan bangalore vannu ezhuthippikkum

ella aashamsakalum

പ്രതീഷ്‌ദേവ്‌ said...

സുനില്‍ ഭായ്‌,കിഷോര്‍...വളരെ നന്ദി..
സക്കീര്‍ ഭായ്‌.... ഇനി ഇടെക്കിടെ എഴുതാം... :)

കുഞ്ഞായി | kunjai said...

രസകരമായിട്ട് എഴുതി.

Prasanth Nambiar said...

നല്ല അവതരണം........നിന്നില്‍ ഇങനെ ഒരു സാഹിത്യകാരന്‍ ഒളിഞിരിക്കുന്ന കാര്യം ഞാന്‍ അറിയില്ലയിരുന്നു.

Unknown said...

സത്യമായിട്ടും ഇവനില്‍ ഇങ്ങനെ ഒരു കലാകാരന്‍ ഒളിഞ്ഞിരിക്കുന്ന കാര്യം ഞങ്ങല്‍ സഹജീവികല്‍ അരിയില്ലായിരുന്നു. ഞങ്ങല്‍ അറിയുന്ന പ്രതീഷ്‌ ഉറക്കത്തില്‍ സംസാരിക്കുന്ന നല്ല പാട്ടു കേള്‍ക്കുന്ന അല്‍പം വായിനോട്ടമുള്ള ഒരു സഹജീവി മാത്രമയിരുന്നു.ഇതു കണ്ടപ്പൊള്‍ സത്യത്തില്‍ സന്തൊഷം തോന്നി. നല്ല അവതരണം . എല്ലാ ഭാവുകങ്ങളും നേരുന്നു..

കുക്കു.. said...

നല്ല ഒരു പോസ്റ്റ്‌..

asokan velutha parambath said...

ഞാന്‍ ഒരു പേരാംബ്രാക്കാരന്‍ ആണ് .പാച്ചരെ പറ്റി പറഞ്ഞപോള്‍ ഒന്ന് കൂടി ശ്രദ്ധിച്ചു . ബന്ധപ്പെടുമല്ലോ ? ashokan Riyadh
00966 500054841

Cant read this?download malayalam font

Click here for Malayalam Fonts